പ്രണയമേ...

പരിഭവമേതുമില്ലാതെ
പിന്തുടരുവാനാകാതെ
പ്രണയസങ്കല്പഗീതിയുമായ്
പിന്നെയും തേടുവതെന്തിനായ്

പകലെന്ന സത്യത്തെ കാണാതെ
പിരിയുവാന്‍ വെമ്പും മനസ്സില്‍ 
പ്രണയത്തിന്‍ തീവ്രതയറിയുമ്പോള്‍ 
പിണങ്ങുവാനാകാതെ പിടയുമല്ലോ

പ്രകടമാക്കുവാനാകാത്ത ചിന്തകള്‍ 
പകുത്തുനല്കുവാനാകാതെ
പതിരായ് പൊഴിച്ചു കളയുവാന്‍ 
പ്രണയമിനിയും മാഞ്ഞുവോ...

ആദരാഞ്ജലികള്‍!...

ഇത് പൊട്ടില്ല!.
ഇത് ചില്ലല്ല!
ഇത് ലോഹമാണ്!.
ഇത് ആറന്മുള കണ്ണാടി!.

എങ്ങിനെ??

ഉരുകും മനസ്സിന്റെ നോവുകളറിയാതെ തകര്‍ന്ന തന്ത്രികളില്‍  രാഗം മീട്ടിയതെങ്ങിനെ മുറിവേറ്റ ചിറകുമായ് പറന്നുയരുവാനാകാതെ ഹൃദയമുരുകി കരയും  വെണ്‍പിറാവായതെങ്ങിനെ നിഴലുകള്‍ വഴിമാറും  നിശയുടെ യാമങ്ങളില്‍  പെയ്തൊഴിയാത്ത മഴയായ് തൂവാനമായ് മാറിയതെങ്ങിനെ കേള്‍ക്കാത്ത കഥകളില്‍  അറിയാത്ത വഴികളില്‍  തിരയുന്ന നേരുകള്‍  അലിഞ്ഞു തീരുന്നതെങ്ങിനെ നിനവിന്റെ നോവുമായ് അണയാത്ത സത്യമായ് വഴിത്താരകള്‍ തെളിയുമ്പോള്‍  ജീവരാഗം കേള്‍ക്കാതിരിക്കുവതെങ്ങിനെ

നോവിക്കുമോര്‍മ്മയായ്...

അഷ്ടദിക്പാലകന്മാരായി പിറന്ന മക്കളെട്ടും
ജനയിതാവായി കൂട്ടിയില്ല കൂട്ടത്തില്‍ ,
അഗതികള്‍ക്കാശ്രയമേകും വൃദ്ധസദനത്തില്‍
എത്തിച്ചിടുവാന്‍ മാത്രം കനിവേകി

ജന്മമേകിയ മാതാവിന്‍ ചിതയെരിഞ്ഞു തീരും മുന്‍പേ
പകുത്തെടുത്തു ജന്മഗൃഹമിരുന്നിടും മണ്ണിന്‍ തരികള്‍ ,
സ്വയമെരിഞ്ഞും പ്കലന്തിയോളം പണിയെടുത്തും
വളര്‍ത്തിയെടുത്തു തന്‍ പ്രിയ പുത്രരെ

പറക്കമുറ്റും നിലയിലാകവേ പറന്നു പോയ്
വ്യത്യസ്തമാം ശിഖരങ്ങള്‍ തേടി,
പഥികനായ് തീര്‍ത്തു തന്‍ പിതാവിനെ
പാവനമാം ബന്ധങ്ങള്‍ വിസ്മൃതിയിലാക്കി

മറന്നു പോയ്, തന്‍ പ്രിയ സുതനും വളരുമെന്ന്,
ഇനിയും വൃദ്ധസദനങ്ങള്‍ പെരുകുമെന്ന്
ഒടൂവിലാ ജീവനും ഒരു തുണ്ടു കയറില്‍ നഷ്ടമാക്കി
നോവിക്കുമൊരോര്‍മ്മയായ് മാറിയല്ലോ

ചൊല്ലിടാം നമുക്ക് കുഞ്ഞു മക്കളോടായ്
ജീവനും ചോരയും നല്കിയ ജനയിതാക്കാളെ
വഴിയില്‍ കളഞ്ഞിടാതെ കാത്തിടേണമെന്നും
പൂഴിയില്‍ പൂഴ്ത്തിടാതെ നോക്കിടേണമെന്നും

ഓര്‍മ്മക്കുളം

നിറങ്ങളായ്

മനസ്സിന്‍ മണ്‍ചിരാതില്‍
തെളിയും ഓര്‍മ്മ തന്‍ ദീപനാളമേ
നിഴല്‍ വീഴ്ത്തും വെയില്‍നാളമേ
നീയും തെളിയാതെ പോകയോ

കൊഴിഞ്ഞു വീഴും പൂവിനെ തഴുകുവാന്‍
ഒഴുകിയെത്തും കാറ്റായ് മാറുമോ
കനവിന്റെ മരുഭൂവില്‍
കുളിരലയേകും പുഴയാകുമോ

നഷ്ടസ്വപ്നങ്ങള്‍ പിന്തുടരവേ
പോയ വസന്തം വീണ്ടും വരുമോ
മഴത്തുള്ളികള്‍ പെയ്തൊഴിഞ്ഞാലും
കാര്‍മേഘം വീണ്ടും വന്നണയുന്നുവോ

മായ്ക്കാനാകാത്ത ചിത്രങളില്‍
നിറങ്ങള്‍ മാഞ്ഞു തുടങ്ങിയോ
നിറമേഴും ചാലിച്ചെഴുതിയ
വര്‍ണ്ണകൂട്ടുകള്‍ ഇനിയും തെളിഞ്ഞിടട്ടെ...

വേഷപകര്‍ച്ച



സുബാബു
വേഷപകര്‍ച്ച 

തൊണ്ണൂറിന് ശേഷം 
കഴുകന്‍ പ്രാവിനെപോലെയായി .
അത് പ്രാവുപോലെ
ആകാശ മേഘങ്ങളില്‍ പൊട്ടായി ,
ചിറക് കുഴയാതെ പറക്കും .
എതിത്തിരിയിടത്തിലും ഇരിക്കും ,
ആര്‍ദ്രതയൂറുന്ന വാക്ക് കൊണ്ടു വര്‍ത്തമാനിക്കും.
എല്ലാ മെയ്‌വഴക്കത്തിലും
കഴുകന്‍ പ്രവിനെപോലെതന്നെ .
ഇടംവലം ,വലമിടം തിരിയുമ്പോഴും 
ഉണര്‍വിലുമുറക്കത്തിലും
ഇരു കൈയ്യുമറിയാത്ത 
ദാനത്തിലും
കഴുകന്‍ പ്രാവിനെ പോലെ .
ഏതു പ്രണയത്തിലും സൗഹൃദത്തിലും 
നിസ്വാര്‍ത്ഥ സേവകന്‍ 
ഏതു യുദ്ധത്തിലും സമാധാനദൂതന്‍ 
അങ്ങനെയങ്ങനെ,
ഏപ്പോഴും കഴുകന്‍ 
പ്രവിനെപോലെത്തന്നെ 
എന്നാല്‍...
ശവം മുന്നില്‍ വെച്ചുള്ള 
ആ തിരിച്ചറിയല്‍ പരേഡില്‍ 
കഴുകന്‍ ഏപ്പോഴും 
പതറി വെളിപ്പെടുന്നു .
പരാജയപ്പെടുന്നു.  




നിഴലായ്....

നിഴലായ്....
നിഴലിനെ നോക്കി നെടുവീര്‍പ്പിടവേ
അറിയുന്നു ഞാനെന്‍ നഷ്ടസ്വപ്നങ്ങളെ
വീണ്ടുമെത്തും സൂര്യോദയത്തിനായ്
കാത്തിരിക്കുന്നെന്‍ നിഴലിനെ കാണുവാന്‍

മൃദുവായ തലോടലില്‍ തരളിതമാകവേ
അലിഞ്ഞുചേരുന്നിതായെന്‍ ജീവന്റെ താളമായ്
പകുത്തു നല്കുവാനാകാതെ പിടയുന്നു മാനസം 
അരികത്തണയുവാനാകാതെ തളരുന്നു മോഹവും 

ഉരുകി തീരുവാനാകാതെന്‍ ജന്മമിനിയും 
ഉറച്ചു പോയതെങ്ങിനെ ശിലയായ്
നിറഞ്ഞ കണ്ണുകള്‍ മറയ്ക്കുവാനായ്
ചിരിക്കുവാന്‍ പഠിച്ചിടട്ടെ ഇനിയെങ്കിലും 

ഉത്തരമേകുവാനാകാത്ത ചോദ്യങ്ങളിനിയും 
തൊടുത്തെന്നെ പരാജിതയാക്കരുതേ
മൌനമായുത്തരം നല്കീടുവാനാകാതെ
ഉഴലുന്ന നിഴലിനെ വ്യര്‍ത്ഥമായ് ശപിക്കരുതേ

ഓണപ്പൂവേ നീയെവിടെ..



പൊന്നിന്‍ ചിങ്ങം വിരുന്നിനെത്തി
ഓണപ്പൂവേ നീയും വരില്ലേ
കാക്കപ്പൂവും മുക്കുറ്റിയും 
കാണാകാഴ്ചകള്‍ മാത്രമായോ

വയല്‍ വരമ്പിന്‍ ഓരത്തും 
കുളപ്പടവിന്‍ കടവത്തും 
തിരഞ്ഞേറെ നടന്നിട്ടും 
നീ മാത്രമിതെങ്ങു പോയ്

പൂക്കളമൊരുങ്ങും നാളുകളായി
പൂക്കാലമിനിയും വന്നില്ലല്ലോ
കാശിത്തുമ്പയ്ക്കും പിണക്കമായോ
തുമ്പപ്പൂവിനും പരിഭവമോ

കൊയ്ത്തുപാട്ടിന്‍ താളമുയരും 
പുന്നെല്ലിന്‍ പാടമിന്നു വിസ്മയമായ്
ഓണപ്പൂവിളി കേട്ടുണരും 
ഗ്രാമഭം ഗിയിന്നു വിസ്മൃതിയായ്

ഓണത്തപ്പനെ വരവേല്ക്കാന്‍ 
ഓണപ്പുറ്റവയുമായൊരുങ്ങീടാന്‍
ഓലപ്പന്തു കളിച്ചീടാന്‍
ഓണപ്പൂവേ നീയെവിടെ...
എന്നോമല്‍പ്പൂവേ നീയെവിടെ....

മുത്തശ്ശി


മുത്തശ്ശി


കുഞ്ഞിക്കുടിലിനു കൂട്ടിനിരിപ്പൂ
കൂനിക്കൂടിയ മുത്തശ്ശി
മുറുക്കിയവായും പൂട്ടിയിരിപ്പൂ
മൂത്തുനരച്ചൊരു മുത്തശ്ശി

ഉള്ളുതുറന്നൊരു ചിരിയറിയാത്തൊരു
കഥയറിയാത്തൊരു മുത്തശ്ശി
കഥപറയാത്തൊരു കഥയല്ലാത്തൊരു
കഥയില്ലാത്തൊരു മുത്തശ്ശി

കണ്ണുകുഴിഞ്ഞും പല്ലുകൊഴിഞ്ഞും
ചെള്ളചുഴിഞ്ഞും എല്ലുമുഴച്ചും
ചുക്കിചുളിഞ്ഞും കൊണ്ടൊരുകോലം
ചെറ്റക്കുടിലിലെ മുത്തശ്ശി

ഞാറുകള്‍ നട്ടൊരു കൈമരവിച്ചു
ഞാറ്റൊലിപാടിയ നാവുമടങ്ങി
പാടമിളക്കിയ പാദംരണ്ടും
കോച്ചിവലിഞ്ഞു ചുളുങ്ങി

കന്നിക്കൊയ്ത്തുകളേറെ
നടത്തിയ
പൊന്നരിവാളു കൊതിയ്ക്കുന്നു
കുത്തിമറച്ചൊരു ചെറ്റക്കീറില്‍
കുത്തിയിറുങ്ങിയിരിക്കുന്നു

നെല്‍മണിമുത്തുകളെത്ര തിളങ്ങിയ
പാടംപലതും മട്ടുപ്പാവുകള്‍
നിന്നുവിളങ്ങണ ചേലും കണ്ട്‌
കണ്ണുമിഴിപ്പൂ മുത്തശ്ശി

അന്നിനു കുടിലിനു വകയും തേടി
മക്കളിറങ്ങീ പുലരണനേരം
കീറിയ ഗ്രന്ഥക്കെട്ടും കെട്ടി പേരക്കുട്ടികള്‍
ഉച്ചക്കഞ്ഞി കൊതിച്ചുമിറങ്ങി

ഒറ്റതിരിഞ്ഞൊരു കീറപ്പായില്‍
പറ്റിയിരിപ്പൂ മുത്തശ്ശി
മക്കള്‍ വിയര്‍ത്തു വരുന്നൊരു നേരം
നോക്കിയിരിപ്പൂ മുത്തശ്ശി

അക്കരെയന്തിയില്‍ മാളികവെട്ടം
മുത്തശ്ശിയ്ക്കതു
ഘടികാരം
എരിയണ
വെയിലും മായണവെയിലും
നോക്കിയിരിപ്പൂ മുത്തശ്ശി

മുന്നില്‍ വെറ്റത്തട്ടമൊഴിഞ്ഞു
മുന്തിയിലുന്തിയ കെട്ടുമയഞ്ഞു
വായില്‍ കൂട്ടിയ വെറ്റമുറുക്കാന്‍
നീട്ടിത്തുപ്പണതിത്തിരി നീട്ടി

കത്തണ വയറിനൊരിത്തിരി വെള്ളം
മോന്തിനനയ്ക്കാന്‍ വയ്യ ;
കുടത്തില്‍ കരുതിയ ചുമട്ടുവെള്ളം
എടുത്തുതീര്‍ക്കാന്‍ വയ്യ !

ഉഷ്ണം വന്നു പതിച്ചു തപിച്ചൊരു
ദേഹമുണങ്ങി വരണ്ടു
വീശണ പാളപ്പങ്കയുമരികില്‍
പങ്കപ്പാടിലിരിയ്ക്കുന്നു

നെഞ്ചില്‍ പൊട്ടുകള്‍ രണ്ടും കാട്ടി
ഒട്ടിവലിഞ്ഞൊരു മുത്തശ്ശി
മുട്ടിനു മേലെയൊരിത്തിരി തുണ്ടം
തുണിയും ചുറ്റിയിരിയ്ക്കുന്നു

കാലുകള്‍ രണ്ടും നീട്ടിയിരിപ്പൂ
കാലം പോയൊരു മുത്തശ്ശി
കാലം കെടുതി കൊടുത്തതു വാങ്ങി
കാലം പോക്കിയ മുത്തശ്ശി

മിച്ചം
വച്ചൊരു കിഴിയുമഴിച്ചു
സ്വപ്നം കണ്ടതുമൊക്കെ മറന്നു
സ്വര്‍ഗ്ഗകവാടം ഒന്നു തുറക്കാന്‍
മുട്ടിവിളിപ്പൂ മുത്തശ്ശി !

  © Blogger template Shush by Ourblogtemplates.com 2009

Back to TOP